Ads 468x60px

;

www.facebook.com/acvattingal.....www.youtube.com/acvattingal.....email: acvattingal@gmail.com....PHONE: 04702 62 1313....

കിളിമാനൂര്‍: സംസ്ഥാനപാത മരണക്കെണിയാകുന്നു; അധികൃതര്‍ക്ക് കണ്ടഭാവമില്ല

 സംസ്ഥാന പാതയില്‍ കിളിമാനൂരിനും കാരേറ്റിലും ഇടയിലുള്ള ഭാഗത്ത് അപകടം പതിവാകുന്നു. ജീവന്‍ പൊലിഞ്ഞവരുടെ എണ്ണം ദിനംപ്രതി പെരുകിയിട്ടും അപകടം കുറയ്ക്കാന്‍ നടപടിയില്ലെന്ന് ആക്ഷേപമുയരുന്നു. തിങ്കളാഴ്ച നാല്അപകടങ്ങളാണ് സംസ്ഥാനപാതയിലുണ്ടായത്. ഒരു ജീവന്‍ നഷ്ടമാവുകയും ചെയ്തു.

മണലേത്തുപച്ച, കുറവന്‍കുഴി, പാപ്പാല, പൊരുന്തമണ്‍ പ്രദേശങ്ങളിലാണ് അപകടങ്ങളിലേറെയും നടക്കുന്നത്. അശാസ്ത്രീയമായ റോഡ് നിര്‍മാണമാണ് അപകടത്തിന്റെ പ്രധാന കാരണമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വാഹനങ്ങളുടെ അമിതവേഗമാണ് മറ്റൊരു കാരണം.


പൊരുന്തമണിലാണ് അപകടങ്ങളിലേറെയും നടന്നിട്ടുള്ളത്. ആറു മാസത്തിനുള്ളില്‍ പത്തു ജീവനുകളാണിവിടെ പൊലിഞ്ഞത്. കഴിഞ്ഞ സപ്തംബര്‍ 12 ന് ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. ആഗസ്ത് 5 ന് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരുടെ ജീവന്‍ പൊലിഞ്ഞു. തിങ്കളാഴ്ചയുണ്ടായ അപകടത്തില്‍ നടനും മിമിക്രി കലാകാരനുമായ അരുണ്‍ മരിച്ചു. വാഹനങ്ങള്‍ കൂട്ടി ഇടിക്കുന്നതാണ് പൊരുന്തമണില്‍ സ്ഥിരമായി സംഭവിക്കുന്നത്. അമിതവേഗമാണ് പലപ്പോഴും ഇവിടെ ദുരന്തത്തിനിടയാക്കുന്നത്.


മണലേത്തുപച്ചയില്‍ ഇറക്കവും വളവും പലപ്പോഴും ദുരന്തം വിതയ്ക്കുന്നുണ്ട്. അമിതവേഗത്തിലെത്തുന്ന വാഹനങ്ങള്‍ കുഴിയിലേക്ക് മറിയുന്നതാണ് ഇവിടെ സ്ഥിരമായി സംഭവിക്കുന്നത്. കുറവന്‍കുഴിയിലും പാപ്പാലയിലും കൊടുംവളവുകളാണ് മിക്കപ്പോഴും അപകടക്കെണിയാകുന്നത്. പാപ്പാലയില്‍ കുന്നിടിച്ച് പുതിയ റോഡ് നിര്‍മിച്ചപ്പോള്‍ വളവ് വലുതാവുകയാണുണ്ടായത്. നിരവധി അപകടങ്ങളാണിവിടെ നിത്യവും നടക്കുന്നത്.


റോഡില്‍ പലയിടത്തുമുള്ള ചെറിയ ചരിവ് വാഹനങ്ങള്‍ക്ക് വന്‍ ഭീഷണിയാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ചാറ്റല്‍മഴയുള്ള സമയത്ത് സാമാന്യവേഗതയിലുള്ള വാഹനങ്ങളും തെന്നി മറിയുന്നതിന് ഇടയാക്കുന്നുണ്ട്.


പുളിമാത്ത് വളവ് കഴിഞ്ഞ് നിവര്‍ന്ന റോഡാണ് പൊരുന്തമണിനെ മരണക്കെണിയാക്കുന്നത്. കിളിമാനൂരില്‍നിന്നും കാരേറ്റേക്ക് പോകുന്ന വാഹനങ്ങള്‍ ഈ ഭാഗത്ത് സാമാന്യത്തിലധികം വേഗത്തിലാണ് കടന്നുപോകുന്നത്. എതിര്‍ദിശയില്‍ പെട്ടെന്നേതെങ്കിലും വാഹനങ്ങള്‍ കയറി വരുന്നതും ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതുമാണ് വന്‍ അപകടങ്ങള്‍ക്കിടയാക്കുന്നത്.


സെപ്തംബര്‍ 12 നുണ്ടായ അപകടത്തെത്തുടര്‍ന്ന് പൊരുന്തമണില്‍ രണ്ടിടത്ത് വേഗത നിയന്ത്രണത്തിന് താത്കാലിക സംവിധാനം കിളിമാനൂര്‍ പോലീസ് ഏര്‍പ്പെടുത്തിയിരുന്നു. ഇത് ചില വാഹനങ്ങള്‍ ഇടിച്ചിട്ട് കടന്നുപോവുകയുണ്ടായി. ഈ സംവിധാനം സ്ഥാപിച്ചശേഷം അപകടങ്ങള്‍ കുറഞ്ഞുവെന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


വേഗം നിയന്ത്രിക്കാന്‍ സ്ഥിരം സംവിധാനങ്ങളുണ്ടാക്കുകയും അപകടങ്ങളെക്കുറിച്ച് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന ബോര്‍ഡുകളും സ്ഥാപിച്ചാല്‍ അപകടങ്ങളെ വലിയൊരളവില്‍ തടയാനാവുമെന്ന് യാത്രക്കാരും നാട്ടുകാരും പറയുന്നു. ഈ ഭാഗത്ത് റോഡ് മുറിച്ചുകടക്കാന്‍പോലും ജനത്തിന് ഭയമാണ്. തട്ടത്തുമലമുതല്‍ കാരേറ്റ്‌വരെയുള്ള പ്രദേശത്ത് അപകടമൊഴിവാക്കാന്‍ അധികൃതരുടെ അടിയന്തര ഇടപെടലുണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യമുന്നയിക്കുന്നു. പോലീസിന്റെ വാഹന പരിശോധന കര്‍ശനമാക്കണമെന്നും അമിത വേഗതയില്‍പോകുന്ന വാഹനങ്ങള്‍ക്ക് കര്‍ശന ശിക്ഷ നടപ്പാക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

No Response to "കിളിമാനൂര്‍: സംസ്ഥാനപാത മരണക്കെണിയാകുന്നു; അധികൃതര്‍ക്ക് കണ്ടഭാവമില്ല"

Post a Comment

Citizen Journalist