വര്‍ക്കല : പ്രവാസി വ്യവസായിയായിരുന്ന വർക്കല സലീമിനെ വെട്ടിക്കൊലപ്പെടുത്തി കഷ്ണങ്ങളാക്കി കുഴിച്ചുമൂടിയെന്ന കേസിലെ ഒന്നാം പ്രതി ചിറയിൻകീഴ് കിഴുവിലം സ്വദേശി ഷെറീഫിന് പ്രിൻസിപ്പൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. രണ്ടാം പ്രതി മുടപുരം സ്വദേശി സനോബറിന് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും ജഡ്ജി ബി. സുധീന്ദ്രകുമാർ ശിക്ഷ വിധിച്ചു. ഒന്നാം പ്രതി ഷെറീഫിനെതിരെ കൊലപാതകം, ഗൂഢാലോചന, തട്ടിക്കൊണ്ടു പോകൽ, പ്രേരണ, തെളിവ് നശിപ്പിക്കൽ എന്നിവയാണ് കുറ്റങ്ങൾ. രണ്ടാം പ്രതിക്കെതിരെ ഗൂഢാലോചനക്കുറ്റം മാത്രമാണ് പ്രോസിക്യൂഷന് തെളിയിക്കാനായത്.