Ads 468x60px

;

www.facebook.com/acvattingal.....www.youtube.com/acvattingal.....email: acvattingal@gmail.com....PHONE: 04702 62 1313....

Varkkala (വര്‍ക്കല) ടൂറിസം മേഖലയില്‍ മോഷണവും പിടിച്ചുപറിയും; ആറംഗസംഘം അറസ്റ്റില്‍


Varkkala (വര്‍ക്കല): ടൂറിസം മേഖല കേന്ദ്രീകരിച്ച് മോഷണവും പിടിച്ചുപറിയും അക്രമവും നടത്തിവന്ന ആറംഗ സംഘത്തെ വര്‍ക്കല പോലീസ് അറസ്റ്റ്‌ചെയ്തു. ചിലക്കൂര്‍ കോട്ടുമൂല വയലില്‍ വീട്ടില്‍ സൈനുദ്ദീന്‍ (26), ചിലക്കൂര്‍ തൊട്ടിപ്പാലം നിസ മന്‍സിലില്‍ അഹമ്മദ് (26), തൊട്ടിപ്പാലം ബീന മന്‍സിലില്‍ ദീപക് (24), തൊട്ടിപ്പാലം കനാല്‍പുറമ്പോക്കില്‍ ഷാജി (33), ഫര്‍സാന മന്‍സിലില്‍ സബീര്‍ (26), രാമന്തളി കോട്ടുമൂല കനാല്‍ പുറമ്പോക്ക് രാധാമന്ദിരത്തില്‍ സുധി (37)എന്നിവരെയാണ് പിടികൂടിയത്. പാപനാശം മേഖലയില്‍ വിദേശികള്‍ക്ക് നേരെയുള്ള മോഷണവും അക്രമവും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വര്‍ക്കല പോലീസ് രൂപവത്കരിച്ച പ്രത്യേക സ്‌ക്വാഡാണ് പ്രതികളെ അറസ്റ്റ്‌ചെയ്തത്.

പാപനാശം നോര്‍ത്ത് ക്ലിഫിന് സമീപം ഹിന്ദുസ്ഥാന്‍ കോട്ടേജില്‍ ഒറ്റയ്ക്ക് താമസിക്കുന്ന ദക്ഷിണാഫ്രിക്കന്‍ സ്വദേശി തെരേസാ വാന്‍സ്യൂ (52)വിനെ ആക്രമിച്ച് പണവും ക്യാമറകളും കവര്‍ന്ന കേസുള്‍പ്പെടെ നിരവധി കേസുകളില്‍ ഇവര്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. ഏപ്രില്‍ എട്ടിനായിരുന്നു തെരേസയ്ക്കുനേരെ ആക്രമണം ഉണ്ടായത്. വെട്ടുകത്തി വീശിയും മദ്യക്കുപ്പികൊണ്ട് മുഖത്തടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തശേഷമായിരുന്നു മോഷണം. ഇവരില്‍ നിന്ന് 3000 രൂപ, രണ്ട് മൊബൈല്‍ഫോണ്‍, രണ്ട് ഡിജിറ്റല്‍ ക്യാമറ എന്നിവയാണ് കവര്‍ന്നത്. ഈ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചുവരവേ സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞതെന്ന് പോലീസ് പറഞ്ഞു. 10 വര്‍ഷമായി ഇന്ത്യന്‍ പൗരത്വമുള്ള തെരേസയുടെ സഹായവും പോലീസിന് ലഭിച്ചിരുന്നു. പ്രതികളില്‍ ഒരാളായ ദീപക്കിന്റെ വീട്ടില്‍ നിന്ന് മോഷണവസ്തുക്കള്‍ കണ്ടെടുത്തു.

2009 നവംബറില്‍ വര്‍ക്കല ഗസ്റ്റ്ഹൗസിന് സമീപം ബ്രിട്ടീഷ് സ്വദേശി റോസന്നവാലിയെ വാളുകാട്ടി ഭീഷണിപ്പെടുത്തി പണവും ക്യാമറയും കവര്‍ന്നതും ഇവരുടെ സംഘമാണ്. 4800 രൂപ അടങ്ങിയ പേഴ്‌സ്, 200 പൗണ്ട് വീതം വിലയുള്ള രണ്ട് ഡിജിറ്റല്‍ ക്യാമറകള്‍, മൊബൈല്‍ഫോണ്‍ തുടങ്ങിയവയാണ് മോഷ്ടിക്കപ്പെട്ടത്. 2009 മെയ് മൂന്നിന് കുരയ്ക്കണ്ണി ഹെലിപ്പാഡ് ആദിത്യ ബീച്ച് പാലസില്‍ ഫ്രഞ്ച് സ്വദേശി ലൂദര്‍ ജനോ (28)യെ മോഷണശ്രമത്തിനിടയില്‍ വെട്ടി പരിക്കേല്‍പ്പിച്ചതും ഈ ആറംഗ സംഘമാണെന്ന് പോലീസ് പറഞ്ഞു. ഇതിനുപുറമേ വിദേശ വനിതകളെ ശല്യം ചെയ്യുകയും അപമാനിക്കുകയും ചെയ്ത നിരവധി കേസുകളിലും ഇവര്‍ പ്രതികളാണ്.

ചിലക്കൂര്‍ മുതല്‍ ഓടയം തിരുവമ്പാടി ഭാഗം വരെയുള്ള ടൂറിസം മേഖല കേന്ദ്രീകരിച്ചാണ് ഇവര്‍ കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിവരുന്നത്. എതിര്‍ക്കുന്നവരെ നേരിടാന്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച വെട്ടുകത്തിയാണിവര്‍ ഉപയോഗിക്കുന്നത്. ഈ സംഘത്തിലെ ഒരാളെ പിടികൂടാനുണ്ട്. ഇവരില്‍ നിന്ന് മോഷണവസ്തുക്കള്‍ സ്ഥിരമായി വാങ്ങുന്ന ആളെയും പോലീസ് അന്വേഷിച്ചുവരികയാണ്. പാപനാശത്ത് കഴിഞ്ഞ ദിവസം ഇതേ സംഘം മോഷണത്തിന് ശ്രമിച്ചെങ്കിലും പോലീസ് എത്തിയതിനെ തുടര്‍ന്ന് രക്ഷപ്പെട്ടിരുന്നു. ഇവരെ പിന്നീട് പാലച്ചിറ യു.പി. എസിന് സമീപത്തുനിന്നാണ് പിടികൂടിയത്. വര്‍ക്കല സി.ഐ. ആര്‍. അശോക്കുമാര്‍, ജൂനിയര്‍ എസ്.ഐ. രാജീവ്, എ.എസ്.ഐ. അരവിന്ദന്‍, ഹെഡ്‌കോണ്‍സ്റ്റബിള്‍ നിസാം, പോലീസുകാരായ വിനോദ്, ബിജുകുമാര്‍, ശ്രീജിത്ത്, എ.എച്ച്. ബിജു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. വര്‍ക്കല കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

No Response to "Varkkala (വര്‍ക്കല) ടൂറിസം മേഖലയില്‍ മോഷണവും പിടിച്ചുപറിയും; ആറംഗസംഘം അറസ്റ്റില്‍"

Post a Comment

Citizen Journalist