Ads 468x60px

;

www.facebook.com/acvattingal.....www.youtube.com/acvattingal.....email: acvattingal@gmail.com....PHONE: 04702 62 1313....

Kallara മോഷണം തടയാനുള്ള ശ്രമം കാവല്‍ക്കാരന്റെ ജീവന്‍ അപഹരിച്ചു ...

തൊഴിലിനോട് നൂറുശതമാനം കൂറുപുലര്‍ത്തിയ രവീന്ദ്രന്‍ നായര്‍ക്ക് നഷ്ടപ്പെട്ടത് സ്വന്തം ജീവന്‍. കല്ലറയില്‍ വ്യാഴാഴ്ച മോഷണം നടന്ന ജസീന ജുവലറിയിലെ സുരക്ഷാജീവനക്കാരനാണ് കല്ലറ കുറ്റിമൂട് കതിരുവിള മരുതറ വീട്ടില്‍ രവീന്ദ്രന്‍ നായര്‍ (60). ജുവലറിയില്‍ മോഷണം നടത്താനെത്തിയവരെ കണ്ടെത്തി തടയാന്‍ ശ്രമിക്കുന്നതിനിടയിലാവണം രവീന്ദ്രന്‍നായര്‍ കൊല്ലപ്പെട്ടതെന്ന് കരുതുന്നു.

ജുവലറിയുടെ പിന്‍വശത്തെ ഭിത്തി തുരന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. ഈ സമയം രവീന്ദ്രന്‍നായര്‍ കടയുടെ പിന്‍വശത്തെത്താനാണ് സാധ്യത. ഇവിടെ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. രവീന്ദ്രന്‍നായരുടെ മൊബൈലും ഒരു താക്കോലും ഈ ഭാഗത്തുനിന്ന് ലഭിച്ചു. ഇദ്ദേഹത്തെ തലയ്ക്കടിച്ചശേഷം വലിച്ചിഴച്ച് സ്‌കൂള്‍വളപ്പിലിറക്കിക്കൊണ്ടുപോയി കിണറ്റില്‍ തള്ളിയതാകുമെന്നാണ് പോലീസിന്റെ നിഗമനം. സ്‌കൂളിന്റെ അരികിലുള്ള ഇടുങ്ങിയ ഭാഗത്തും ഇടനാഴിയിലും വഴിയിലും ചോരക്കറയുണ്ട്. ഇടതുകണ്ണിന് മുകളിലും മൂര്‍ദ്ധാവിലും തലയുടെ പിന്‍ഭാഗത്തും ശക്തമായ പ്രഹരമേറ്റതായാണ് സൂചന.

വെള്ളിയാഴ്ച രാവിലെ ജുവലറിയില്‍ മോഷണം നടന്നതായി വിവരമറിയുമ്പോഴും കൊലപാതകത്തെക്കുറിച്ച് ആരുമറിഞ്ഞിരുന്നില്ല. ജുവലറി ഉടമ അന്വേഷിച്ചപ്പോള്‍ രവീന്ദ്രന്‍ നായര്‍ വീട്ടിലെത്തിയിട്ടില്ലെന്ന് അറിഞ്ഞു. ഈ സമയത്ത് സ്‌കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള അവധിക്കാല ക്ലാസ് നടക്കുകയായിരുന്നു. പോലീസ്‌സംഘമെത്തി ജുവലറിയുടെ പിന്‍ഭാഗം പരിശോധിച്ചപ്പോഴാണ് കൊല നടന്നിരിക്കാനുള്ള സാധ്യത കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന തിരച്ചിലിലാണ് കിണറ്റിനുള്ളില്‍ മൃതദേഹം കാണുന്നത്.

കൊലപാതകം നടന്നതറിഞ്ഞതോടെ സ്‌കൂളിനുമുന്നിലും ജുവലറിക്കുമുന്നിലും നൂറുകണക്കിനാളുകള്‍ തടിച്ചുകൂടി. ഇതോടെ കിളിമാനൂര്‍ സി.ഐ. വി. സുഗതന്‍, വെഞ്ഞാറമൂട് സി.ഐ. ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി.

കൂലിപ്പണിക്കാരനായിരുന്ന രവീന്ദ്രന്‍ നായര്‍ അഞ്ചുവര്‍ഷം മുമ്പാണ് ജസീന ജുവലറിയുടെ സെക്യൂരിറ്റി ജീവനക്കാരനാകുന്നത്. ശാന്തസ്വഭാവിയും കൃത്യനിഷ്ഠയുമുള്ള ജീവനക്കാരനായിരുന്നു ഇദ്ദേഹമെന്ന് മറ്റുള്ളവര്‍ പറയുന്നു. ജുവലറിക്കെതിര്‍വശത്തുള്ള പഴയകടയിലാണ് രവീന്ദ്രന്‍ നായര്‍ വിശ്രമിക്കാനിരിക്കുന്നത്. ഈ കടയ്ക്കുള്ളില്‍ ഇദ്ദേഹത്തിന്റെ ബാഗും സാധനങ്ങളും ഇരിപ്പുണ്ടായിരുന്നു. ഇത് പിന്നീട് പോലീസ് കണ്ടെടുത്തു. ഭാര്യയും രണ്ട് പെണ്‍മക്കളുമടങ്ങുന്നതാണ് രവീന്ദ്രന്‍ നായരുടെ കുടുംബം.

നാടിനെ നടുക്കിയ മോഷണത്തിലും കൊലപാതകത്തിലും പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലറ യൂണിറ്റ് വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം കടകള്‍ അടച്ച് ഹര്‍ത്താല്‍ നടത്തി.






No Response to "Kallara മോഷണം തടയാനുള്ള ശ്രമം കാവല്‍ക്കാരന്റെ ജീവന്‍ അപഹരിച്ചു ..."

Post a Comment

Citizen Journalist