Ads 468x60px

;

www.facebook.com/acvattingal.....www.youtube.com/acvattingal.....email: acvattingal@gmail.com....PHONE: 04702 62 1313....

Varkkala ഡോക്ടര്‍മാരുടെ സമരം: വര്‍ക്കലയില്‍ ആസ്‌പത്രികള്‍ സ്തംഭിച്ചു താലൂക്ക് ആസ്‌പത്രിയില്‍ രോഗികള്‍ ബഹളംവെച്ചു



വര്‍ക്കല: ശമ്പള പരിഷ്‌കരണത്തില്‍ അവഗണനയുണ്ടെന്ന് ആരോപിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ചൊവ്വാഴ്ച നടത്തിയ സമരം വര്‍ക്കലയില്‍ ആസ്​പത്രികളുടെ പ്രവര്‍ത്തനം താറുമാറാക്കി. ആസ്​പത്രിയിലെത്തിയ രോഗികള്‍ക്ക് ചികിത്സ ലഭിക്കാതെ മടങ്ങി.

വര്‍ക്കല താലൂക്ക് ആസ്​പത്രിയില്‍ അത്യാഹിത വിഭാഗം മാത്രമാണ് പ്രവര്‍ത്തിച്ചത്. ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍ വഴിയുള്ള രണ്ട് ഡോക്ടര്‍മാരാണ് ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഒ.പി. ഇല്ലെന്നുകാണിച്ച് ബോര്‍ഡ് തൂക്കിയിരുന്നു. 600-ഓളം പേരാണ് ദിവസവും താലൂക്ക് ആസ്​പത്രിയില്‍ ഒ.പി.യിലെ ചികിത്സയ്ക്കായി എത്തുന്നത്. ഡോക്ടര്‍മാരുടെ പണിമുടക്കറിയാതെ വന്ന ഇവര്‍ ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ബഹളംവെച്ചു. അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ കുറച്ച് രോഗികളെ പരിശോധിക്കാന്‍ തയ്യാറായതിനുശേഷമാണ് രംഗം ശാന്തമായത്. എന്‍.ആര്‍.എച്ച്.എം. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 11 പേരാണ് ഇവിടെ സേവനം അനുഷ്ഠിക്കുന്നത്. ഇതില്‍ ഒന്‍പതുപേരും ഡ്യൂട്ടിക്കെത്തിയില്ല. കിടത്തിച്ചികിത്സയിലുള്ളവര്‍ക്കും വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന പരാതിയുണ്ട്.

മണമ്പൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഒ.പി. വിഭാഗം പൂട്ടിയ നിലയിലായിരുന്നു. ഇവിടെയുള്ള ഡോക്ടര്‍മാര്‍ പണിമുടക്കിയത് ആസ്​പത്രിയെ നിശ്ചലാവസ്ഥയിലാക്കി. കിടത്തിച്ചികിത്സയിലുള്ളവരെ രാവിലെയെത്തിയ ഡോക്ടര്‍ പരിശോധിച്ചശേഷം മടങ്ങിപ്പോയി. പിന്നീടെത്തിയ രോഗികള്‍ വലയുകയും ചെയ്തു. ചെറുന്നിയൂര്‍, ഒറ്റൂര്‍, വെട്ടൂര്‍, ഇലകമണ്‍ പഞ്ചായത്തിലെ തോണിപ്പാറ, ഇടവ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനവും സ്തംഭിച്ചു. ഇടവയില്‍ മൂന്ന് ഡോക്ടര്‍മാരുണ്ടെങ്കിലും ആരുംതന്നെ ജോലിക്കെത്തിയില്ല. മറ്റ് കേന്ദ്രങ്ങളില്‍ ഓരോ ഡോക്ടര്‍മാരാണുള്ളത്. ഇവിടെയെല്ലാം ഒ.പി. പ്രവര്‍ത്തനം അവതാളത്തിലായത് രോഗികളെ വലച്ചു. ചെമ്മരുതി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സമരം രോഗികളെ ബാധിച്ചില്ല. ഇവിടെ പതിവുപോലെ തന്നെ ഒ.പി. പ്രവര്‍ത്തനം നടന്നു. എന്‍.ആര്‍.എച്ച്.എം. വഴിയുള്ള ഡോക്ടര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നതാണ് കാരണം.

No Response to "Varkkala ഡോക്ടര്‍മാരുടെ സമരം: വര്‍ക്കലയില്‍ ആസ്‌പത്രികള്‍ സ്തംഭിച്ചു താലൂക്ക് ആസ്‌പത്രിയില്‍ രോഗികള്‍ ബഹളംവെച്ചു"

Post a Comment

Citizen Journalist